കാലാവസ്ഥ തെളിഞ്ഞതോടെ സംസ്ഥാനത്തിൻറ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ട് ഊർജിതമായി. ശൈത്യം ശക്തമായതിനാൽ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ഉയർന്നത് ഉൽപാദന മേഖലയിൽ ആവേശം ഉളവാക്കിയെങ്കിലും ഇതിനിടയിൽ ടയർ നിർമ്മാതാക്കൾ ആർ എസ് എസ് നാലാംഗ്രേഡ് ഷീറ്റ് വില 19,100 രൂപയിൽ നിന്നും 18,900 ലേയ്ക്ക് ഇടിച്ചു. ജപ്പാൻ, സിംഗപ്പുർ, ചൈനീസ് വിപണികളിൽ റബർ അവധി വിലകളിലെ തകർച്ചയാണ് ഇന്ത്യൻ മാർക്കറ്റിൽ പ്രതിഫലിച്ചത്. വർഷാന്ത്യം അടുത്തതിനാൽ രാജ്യാന്തര തലത്തിൽ ഫണ്ടുകളും നിക്ഷേപകരും ബാധ്യതകൾ ചുരുക്കുകയാണ്. അമേരിക്കൻ കേന്ദ്രബാങ്ക് യോഗം ഇന്ന് പലിശനിരക്കിൽ ഭേദഗതികൾ വരുത്തുമെന്ന നിഗമനത്തിൽ ചൈനീസ് ടയർ വ്യവസായികൾ റബർ സംഭരണം കുറച്ചത് ബാങ്കോക്കിൽ ഷീറ്റ് വില 21,014 രൂപയിൽ നിന്നും 20,789 ലേയ്ക്ക് താഴ്ന്നു.
മാസാരംഭത്തിലെ കനത്ത മഴയ്ക്ക് ശേഷം മദ്ധ്യ കേരളത്തിലെ വിവിധ തോട്ടങ്ങളിൽ കൊക്കോയ്ക്ക് കറുത്തപാട് വീഴുന്നത് ഉൽപാദകരെ സമ്മർദ്ദത്തിലാക്കി. കോതമംഗലം മേഖലയിലെ തോട്ടങ്ങളിലാണ് കായകൾക്ക് കേട് സംഭവിച്ചിട്ടുള്ളത്. ക്രിസ്മസിന് വേളയിൽ വൻതോതിൽ ചരക്ക് ഇറക്കാമെന്ന മോഹത്തിലായിരുന്നു കൊക്കോ കർഷകർ. മദ്ധ്യ കേരളത്തിൽ കൊക്കോ കിലോ 730 രൂപയിലും മുരിക്കാശേരി വിപണിയിൽ 760 രൂപയിലും ഇടപാടുകൾ നടന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ വില 400 രൂപ മാത്രമായിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും കൊപ്ര വില സ്റ്റെഡി. ഇന്നലെ തമിഴ്നാട്ടിലെ മില്ലുകാർ എണ്ണ വില താഴ്ത്തിയെങ്കിലും കുറഞ്ഞ് വിലയ്ക്ക് കൊപ്ര കൈമാറാൻ ഉൽപാദകർ തയ്യാറായില്ല. സംസ്ഥാനത്ത് ജനുവരിയിൽ നാളികേര വിളവെടുപ്പ് തുടങ്ങും. കൊപ്രവില 13,900 രൂപ.
Jobbery.in