
Now loading...
ന്യൂഡൽഹി: രാജ്യത്ത് പുതിയ 50 രൂപ നോട്ടുകൾ അച്ചടിച്ച് ഇറക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ആർബിഐ പുറപ്പെടുവിച്ചത്. അധികം വൈകാതെ തന്നെ പുതിയ നോട്ടുകൾ പുറത്തുവരും. അതേസമയം ഈ വാർത്ത ആളുകൾക്ക് ഒരൽപ്പം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പഴയ നോട്ടുകൾക്ക് ഇനി സംഭവിക്കും എന്നാണ് ഇവരുടെ ചിന്ത.
ആർബിഐ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റതിന് പിന്നാലെയാണ് 50 രൂപയുടെ പുതിയ നോട്ടുകൾ അച്ചടിയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. പുതിയ നോട്ടുകൾ വരുന്നതിൽ ആശങ്ക വേണ്ടെന്നും, ഇത് വിനിമയത്തെ ബാധിക്കില്ലെന്നും ആർബിഐ അറിയിക്കുന്നു. പഴയ നോട്ടിന്റെ തുടർച്ചയായിട്ടായിരിക്കും പുതിയ നോട്ടുകൾ അച്ചടിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. പുതിയ കറൻസിയുടെ വരവിനെ തുടർന്ന് പഴയ നോട്ടുകൾ അസാധുവാകുകയില്ല. പഴയ നോട്ടുകൾ കൈവശം ഉള്ളവർക്ക് സാധാരണ നിലയിൽ അത് ഉപയോഗിക്കാം. സ്വാഭാവിക പ്രക്രിയയുടെ ഭാഗമായിട്ടാണ് പുതിയ നോട്ടുകൾ അച്ചടിയ്ക്കുന്നത്.
2016 ൽ ആയിരുന്നു എൻഡിഎ സർക്കാർ നോട്ട് നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ പുറത്തിറക്കിയ നോട്ടുകൾക്ക് വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണം തടയുന്നതിന് വേണ്ടിയാണ് പുതിയ സീരിസിലുള്ള നോട്ടുകൾ അച്ചടിച്ചിരിക്കുന്നത്. ഇതേ രീതിയിൽ ആയിരിക്കും പുതിയ നോട്ടുകളും അച്ചടിയ്ക്കുക.
66 mm x 135 mm വലുപ്പത്തിലാണ് നമ്മുടെ രാജ്യത്തെ നോട്ടുകൾ അച്ചടിയ്ക്കുന്നത്. ഇതേ വലിപ്പത്തിൽ പുതിയ നോട്ടുകളും തുടരും. ആകർഷകമാകുന്ന ഫ്‌ളൂറസെൻഡ് ബ്ലൂ ആണ് 50 രൂപ നോട്ടുകളുടെ നിറം. ഇതിന്റെ മുൻഭാഗത്ത് ഗാന്ധിജിയുടെ ചിത്രവും പുറകിലായി രഥത്തിന് മുകളിലുള്ള ഹംപിയുടെ ചിത്രവുമാണ് നൽകിയിരിക്കുന്നത്. ഇതെല്ലാം തന്നെ പുതിയ നോട്ടിലും ഉണ്ടാകും.
ഒരു മാറ്റം മാത്രം ആയിരിക്കും പുതിയ 50 രൂപ നോട്ടിൽ ഉണ്ടാകുക. ആർബിഐ ഗവർണറുടെ ഒപ്പായിരിക്കും ഈ മാറ്റം. പുതിയ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പോട് കൂടിയായിരിക്കും പുതിയ നോട്ടുകൾ ഇറങ്ങുക. 2024 ഡിസംബറിൽ ആണ് ശക്തികാന്തദാസിന്റെ പിൻഗാമിയായി സഞ്ജയ് മൽഹോത്ര എത്തിയത്.
ആർബിഐ ഗവർണറുടെ ഒപ്പ് മാറ്റി പുതിയ നോട്ടുകൾ അച്ചടിയ്ക്കുന്നത് പതിവ് കാര്യമാണ്. പുതിയ 50 രൂപ നോട്ടുകൾ അച്ചടിയ്ക്കുമ്പോൾ അതിൽ ആദ്യമായി ഒപ്പുവച്ചത് ഉർജിത് പട്ടേൽ ആയിരുന്നു. പിന്നീട് വന്ന ഗവർണർമാരെല്ലാം ഈ ഒപ്പുകൾ പുതുക്കിയിട്ടുണ്ട്.
Now loading...