March 13, 2025
Home » കൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്‌ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ അധ്യയന വർഷ(2024-25)ത്തെ വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ച‌കൾ പ്രവർത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുന:പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് ഇക്കഴിഞ്ഞ ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിനായി 5 അംഗ സമിതിയെ സർക്കാർ നിയമിച്ചത്. സമിതി 2 മാസത്തിനകം സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം.

ഉത്തരവ് തീയതി മുതൽ 2 മാസത്തെ സമയമാണ് അനുവദിച്ചത്. അതനുസരിച്ചു മാർച്ച്‌ 11നകം റിപ്പോർട്ട് സമർപ്പിക്കണം. നിലവിലുള്ള പാഠ്യപദ്ധതി പ്രകാരം പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന രീതിയിൽ വിനിമയത്തിന് മണിക്കൂറുകൾ/അതനുസരിച്ചുള്ള പഠനദിനങ്ങൾ വേണ്ടിവരുമെന്നും, അതിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ പര്യാപ്‌തമായ സമയം/ദിനങ്ങൾ ലഭ്യമല്ലെങ്കിൽ കുട്ടിയുടെ ബൗദ്ധിക/ശാരീരിക വൈകാരിക/മാനസിക വികാസത്തിനു യാതൊരു തടസ്സവുമാകാത്ത രീതിയിൽ എപ്രകാരം ആ കുറവ് നികത്താനാകും എന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കൂടി അടിസ്ഥാനത്തിൽ സമഗ്രമായ പഠനം നടത്തുന്നതിനായി ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
പ്രൊഫ.വി.പി ജോഷിത്ത് (വകുപ്പ് മേധാവി, ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള), ഡോ.അമർ.എസ്.ഫെറ്റിൽ (സ്റ്റേറ്റ് നോഡൽ ഓഫീസർ, അഡോളസെന്റ് ഹെൽത്ത്, എൻ.എച്ച്.എം), ഡോ.ദീപ ഭാസ്കരൻ (അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ ഡെവലപ്മെന്റൽ പീഡിയാട്രിക്സ്. ചൈൽഡ് ഡെവലപ്മെന്റ് സെൻ്റർ, തിരുവനന്തപുരം), ഡോ. ജയരാജ്.എസ് (മുൻ കൺസൽട്ടന്റ്റ്, എസ്.എസ്.കെ), എം.പി.നാരായണൻ ഉണ്ണി (മുൻ ഫാക്കൽറ്റി, എസ്.സി.ഇ.ആർ.ടി) എന്നിവരാണ് സമിതി അംഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *