March 13, 2025
Home » ‘താരിഫ് യുദ്ധം വിജയികളെയല്ല പരാജിതരെയാണ് സൃഷ്ടിക്കുക’ Jobbery Business News New

ട്രംപ് ഭരണകൂടം അഴിച്ചുവിട്ട താരിഫ് യുദ്ധം വിജയികളെയല്ല പരാജിതരെയാണ് സൃഷ്ടിക്കുകയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.

‘നമ്മള്‍ ഒരു ആഗോള സമ്പദ്വ്യവസ്ഥയിലാണ് ജീവിക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വതന്ത്ര വ്യാപാരത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. മറിച്ച് നാം ഒരു വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, ഗുട്ടെറസ് പറഞ്ഞു.

വ്യാപാര യുദ്ധ സാധ്യതകള്‍ വളര്‍ന്നുവരികയാണ്. യുഎസിന്റെ പരസ്പര താരിഫ് നയം അതിലേക്കാണ് ലോകത്തെ നയിക്കുന്നത്. സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫ് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കും യുഎസ് ഭരണകൂടം തീരുവ പ്രഖ്യാപിച്ചു. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനും (ഇയു) കാനഡയും ചൈനയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ലെവികള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി.

അമേരിക്ക ‘നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ താരിഫുകള്‍ ഈടാക്കാന്‍ പോകുന്നു’ എന്നും ‘നമ്മള്‍ വളരെ സമ്പന്നരാകാന്‍ പോകുന്നു’ എന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ബാലിശമാണ്. നിലവില്‍ യുഎസില്‍ തൊഴില്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി തൊഴിലാളികളെ ട്രംപ് അധികാരത്തിലെത്തിയതിനുശേഷം പിരിച്ചുവിട്ടു.

സാമ്പത്തിക മേഖലയിലെ വിദഗ്ധര്‍ പറയുന്നത് ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക തകര്‍ച്ചക്ക് കാരണമാകും എന്നാണ്. അതിന്റെ സൂചനകള്‍ ഓഹരിവിപണിയിലടക്കം കണ്ടുതുടങ്ങി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളോട് ഉല്‍പ്പാദനം അമേരിക്കയിലേക്ക് മാറ്റാന്‍ പ്രസിഡന്റ് നിര്‍ദ്ദേശിക്കുന്നു. ഇത് ഉടനടി നടപ്പില്‍വരുത്താവുന്ന കാര്യമല്ല. നിരവധി ചര്‍ച്ചകള്‍ക്കും നീക്കുപോക്കുകള്‍ക്കും ശേഷം കമ്പനികള്‍ നേടിയെടുത്ത ഇളവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടവയാണ് ഇതെല്ലാം. ലാഭം നേടുക എന്നുള്ളതാണ് കമ്പനികളുടെ ലക്ഷ്യം. ഇതെല്ലാം ഒരു ഉത്തരവില്‍ മാറ്റിമറിക്കാന്‍ സാധിക്കുന്നതല്ല.

എന്നാല്‍ യുഎസില്‍ കൂടുതല്‍ ഫാക്ടറികള്‍ ഉണ്ടാകുമെന്നും അതുവഴി തൊഴില്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്നും ട്രംപ് പറയുന്നു.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന താരിഫുകളെ ട്രംപ് ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്. കൂടാതെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലെവി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ പരസ്പര താരിഫുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. ‘ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളും അമേരിക്കയെ പതിറ്റാണ്ടുകളായി ‘കൊള്ളയടിച്ചു’ എന്നും ‘ഇനി അങ്ങനെ സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’ എന്നും ട്രംപ് പറഞ്ഞു.

ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാനുള്ള കടുപിടുത്തം മാത്രമായാണ് വിശകലന വിദഗ്ധര്‍ ട്രംപിന്റെ നയങ്ങളെ കാണുന്നത്. ഭീഷണി ഉയര്‍ത്തി സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താമെന്നുള്ളത് മികച്ച ഒരു നയമല്ല. അതിനാല്‍ സ്വന്തം രാജ്യത്തുതന്നെ അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവരും.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *