Now loading...
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന്. ചൊവ്വാഴ്ച സൗദിയിലെത്തുന്ന മോദിയുടെ രണ്ടു സന്ദര്‍ശനവേളയില്‍ നയതന്ത്ര, സഹകരണ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന. ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിക്കും സന്ദര്‍ശനം ഊര്‍ജ്ജം പകരും.
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. താരിഫ് നയങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയാണ് സന്ദര്‍ശനത്തിന്റെ സുപ്രധാന അജണ്ടയെന്നാണ് വിലയിരുത്തല്‍.
രണ്ട് പ്രത്യേക ഇടനാഴികളാണ് ഇന്ത്യ മുന്നില്‍ കാണുന്നത്. കിഴക്കന്‍ ഇടനാഴി ഇന്ത്യയെയും ഗള്‍ഫിനെയും തമ്മില്‍ ബന്ധിപ്പിക്കും. വടക്കന്‍ കോറിഡോര്‍ ഗള്‍ഫിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കും. സമുദ്ര വാണിജ്യ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയെന്നതാണ് ആദ്യഘട്ടത്തില്‍ കോറിഡോര്‍ പദ്ധതി മുന്നില്‍ കാണുന്നത്.
ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ ചരക്കുകടത്ത് വാണിജ്യ, നിക്ഷേപ മേഖലകളില്‍ പദ്ധതി വലിയ കരുത്തായി മാറും. നിലവിലുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനായാല്‍ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
2023-24ല്‍ ഇന്ത്യ-സൗദി വ്യാപാരം 36,150 കോടി രൂപയുടേതാണ്. ഇതില്‍ ഇന്ത്യയുടെ കയറ്റുമതി 10,020 കോടി രൂപയുടേതാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 7.8% വളര്‍ച്ച. നൂറ് കോടിയുടെ അരി കയറ്റുമതി തന്നെ ഇന്ത്യ ഒരു വര്‍ഷം സൗദിയിലേക്ക് നടത്തുന്നുണ്ട്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണ കരാറുകളും ഇതിനാല്‍ സന്ദര്‍ശനത്തില്‍ ഉണ്ടായേക്കും. പ്രതിരോധം, ഊര്‍ജ്ജം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പുതിയ കരാറുകള്‍ ഒപ്പുവെക്കാനും ഇരുരാജ്യങ്ങളും ഒരുങ്ങുകയാണ്.
മോദി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും സന്ദര്‍ശനത്തിലുണ്ടാകും.സൗദിയിലെ തൊഴിലാളി ക്യാമ്പുകളും ടൂറിസം കേന്ദ്രങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.
Jobbery.in
Now loading...