April 30, 2025
Home » ഇന്ത്യയിലേക്ക് മാര്‍ക്കറ്റ് ഡംപിങ്ങ് നടത്തില്ലെന്ന് ചൈന Jobbery Business News

ഇന്ത്യയുമായി കടുത്ത വ്യാവസായിക മത്സരത്തിലോ മാര്‍ക്കറ്റ് ഡംപിങ്ങിലോ ഏര്‍പ്പെടില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സു ഫെയ്ഹോങ്. ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളുമായി കൂടുതല്‍ ആഴത്തിലുള്ള സാമ്പത്തിക ബന്ധം സ്ഥാപിക്കാനാണ് ചൈന ശ്രമിക്കുന്നത്.

ചൈന ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോഴും മറ്റ് രാജ്യങ്ങളുടെ വ്യവസായങ്ങളെ തടസ്സപ്പെടുത്തില്ലെന്നും സൂ ഊന്നിപ്പറഞ്ഞു.

യുഎസ് നേതൃത്വത്തിലുള്ള താരിഫ് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തിയായി സൂ ചിത്രീകരിച്ചു. ബഹുരാഷ്ട്ര വാദത്തെ പിന്തുണയ്ക്കുന്നതിലും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലും വികസ്വര രാജ്യങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എങ്കിലും പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് ചൈനീസ് അംബാസിഡര്‍ പരാമര്‍ശിച്ചിട്ടില്ല.

ചൈനയുടെ സാമ്പത്തിക ഉയര്‍ച്ച സ്വയം നയിക്കപ്പെടുന്ന വികസനത്തില്‍ നിന്നാണെന്ന് സൂ വാദിച്ചു. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ചൈന നല്‍കുന്ന സംഭാവനകളെ ഊന്നിപ്പറഞ്ഞുകൊണ്ട്, ലോക ജനസംഖ്യയുടെ പകുതിയോളം വരുന്നതും അതിന്റെ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് വരുന്നതും ഇപ്പോള്‍ ബ്രിക്‌സ് രാജ്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയ്ക്കും ഇന്ത്യയ്ക്കും ഒരുമിച്ച് ‘1+1=11’ ഗുണിത പ്രഭാവം സൃഷ്ടിക്കാന്‍ കഴിയുമെന്നും, അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളും 36% സംഭാവന ചെയ്യുമെന്നും സൂ പ്രവചിച്ചു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളോടുള്ള ചൈനയുടെ തുറന്ന സമീപനം അംബാസഡര്‍ ആവര്‍ത്തിച്ചു. ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഇറക്കുമതികള്‍ക്ക് വിപണി അവസരങ്ങള്‍ നല്‍കുന്നതിനും ചൈന പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സാമ്പത്തിക ഭീഷണിയുടെയും സംരക്ഷണവാദത്തിന്റെയും അപകടങ്ങള്‍ ചരിത്രം കാണിക്കുന്നുവെന്ന് വാദിച്ചുകൊണ്ട്, അമേരിക്കയുടെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ സൂ മുന്നറിയിപ്പ് നല്‍കി.

ലോകം ഒരു വഴിത്തിരിവിലാണെന്ന് ചൈനീസ് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കി. ബഹുരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കാനും ഗ്ലോബല്‍ സൗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും വികസ്വര രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *