ആഗോള കമ്പനികള്‍ക്ക് റഷ്യന്‍ പ്രേമം; ചുവപ്പ് പരവതാനി പ്രതീക്ഷിക്കേണ്ടെന്ന് പുടിന്‍ Jobbery Business News

ആഗോള കമ്പനികള്‍ക്ക് റഷ്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം. എന്നാല്‍ പ്രത്യേക പരിഗണനയൊന്നും പ്രതീക്ഷിക്കേണ്ടെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഫാസ്റ്റ്ഫുഡ് ഭീമനായ മക്‌ഡൊണാള്‍ഡ്‌സ് റഷ്യയിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പുടിന്റെ അഭിപ്രായം.

ഫാസ്റ്റ്ഫുഡ് ഭീമനായ മക്‌ഡൊണാള്‍ഡ്‌സ് റഷ്യയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍ അവര്‍ക്കുവേണ്ടി ചുവപ്പു പരവതാനി വിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നിരവധി വിദേശ കമ്പനികള്‍ റഷ്യന്‍ വിപണിയില്‍ വീണ്ടും പ്രവേശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു വരികയാണ്.

ഉക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പാശ്ചാത്യ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് 2022-ലാണ്് മക്‌ഡൊണാള്‍ഡ്‌സ് റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.

2015 മുതല്‍ സൈബീരിയയിലുടനീളമുള്ള 25 റെസ്റ്റോറന്റുകള്‍ കൈകാര്യം ചെയ്യുന്ന ഫ്രാഞ്ചൈസി പങ്കാളിയായിരുന്ന ഒരു റഷ്യന്‍ നിക്ഷേപകന് കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിറ്റു.

ഈ റെസ്റ്റോറന്റുകള്‍ പുനര്‍നാമകരണം ചെയ്യപ്പെട്ട് 2022 ജൂണ്‍ 12 മുതല്‍ റഷ്യയില്‍ പ്രവര്‍ത്തിക്കുന്നു.

റഷ്യന്‍ വിപണിയില്‍ വീണ്ടും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ തിരിച്ചുവരവ് സാധ്യമാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പുടിന്‍ പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ബിസിനസുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ സംരംഭകര്‍ക്ക് പൂര്‍ണ സര്‍ക്കാര്‍ പിന്തുണ ഉറപ്പുനല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ‘ഇതിനെക്കുറിച്ച് ഒരു സംശയവും ഉണ്ടാകാന്‍ പാടില്ല. നിങ്ങളോടൊപ്പം, ഞങ്ങള്‍ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കും’.

സമ്പദ് വ്യവസ്ഥയുടെ മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രധാന കമ്പനികള്‍ അവരുടെ വിദേശ പങ്കാളികള്‍ ബിസിനസ്സ് ബന്ധം പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തന്നോട് പറഞ്ഞതായി പുടിന്‍ ഓര്‍മ്മിച്ചു.

‘ അവര്‍ തിരിച്ചുവരട്ടെ, പക്ഷേ അത് നിങ്ങളുടെ നിബന്ധനകള്‍ക്കനുസൃതമാണെന്ന് ഉറപ്പാക്കുക. നിങ്ങള്‍ക്ക് ഗുണകരമാണെങ്കില്‍, അവര്‍ തിരിച്ചുവരട്ടെ. നിങ്ങള്‍ക്ക് ഗുണകരമാണെങ്കില്‍ മാത്രം മുന്നോട്ട് പോകൂ, അത്രമാത്രം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *