Kerala Monsoon: മഴയില്‍ വലഞ്ഞ് കേരളം; ഒരു മരണം, സംസ്ഥാനത്താകെ കനത്തനാശനഷ്ടം

Kerala Rain Alert (3)

കോഴിക്കോട്: കേരളത്തില്‍ നേരത്തെ എത്തിയ കാലവര്‍ഷം സമ്മാനിക്കുന്നത് കനത്ത നാശനഷ്ടം. മധ്യകേരളത്തിലും കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കിയില്‍ മരം വീണ് ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ചു. പാമ്പാടുംപാറയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്.

തൃശൂര്‍ ജില്ലയില്‍ പത്തിലേറെ വീടുകള്‍ക്ക് മുകളിലേക്ക് മരം വീണു. ആലപ്പുഴ തൃക്കുന്നപ്പുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്ത് മിന്നല്‍ ചുഴലിയുണ്ടായതിനെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു.

അതിനിടെ, ഇടുക്കി മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്.

മലപ്പുറം പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായി. പ്രദേശത്ത് നിന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പറപ്പൂര്‍ ചോലക്കുണ്ടില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിര്‍മാണത്തിലിരുന്ന വീടാണ് തകര്‍ന്നതെന്നാണ് വിവരം.

Also Read: Kerala Rain Alert: കേരളത്തിൽ അതിതീവ്രമഴ മുന്നറിയിപ്പ്: 11 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടമുണ്ടായി. പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാര്‍ റോഡിലും മരങ്ങള്‍ കടപുഴകി വീണു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡില്‍ കാറിന് മുകളിലേക്ക് മരം വീണു.

Leave a Reply

Your email address will not be published. Required fields are marked *