March 18, 2025
Home » ആഗോള റാലി കരുത്തായി; വിപണി അവസാനിച്ചത് നേട്ടത്തില്‍ Jobbery Business News New

ആഗോള റാലി കരുത്തായി, ഇന്ത്യന്‍ വിപണി നേട്ടത്തില്‍ അവസാനിച്ചു. ആഗോള ഓഹരികളിലെ കുത്തനെയുള്ള റാലിയും ബാങ്കിംഗ് ഓഹരികളിലെ വാങ്ങലും മൂലം സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് അര ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു.

ബിഎസ്ഇ സെന്‍സെക്‌സ് 341.04 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 74,169.95 ല്‍ എത്തി. ഇന്‍ട്രാ-ഡേ വ്യാപാരത്തില്‍, സൂചിക 547.44 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 74,376.35 ലെത്തിയിരുന്നു.

എന്‍എസ്ഇ നിഫ്റ്റി 111.55 പോയിന്റ് അഥവാ 0.50 ശതമാനം ഉയര്‍ന്ന് 22,508.75 ലെത്തി. സെന്‍സെക്‌സ് ഓഹരികളില്‍ ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്ട്‌സ്, ഐസിഐസിഐ ബാങ്ക്, സൊമാറ്റോ, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ഐടിസി, നെസ്ലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവ പിന്നിലായിരുന്നു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ ഇന്‍ട്രാ ഡേ വ്യാപാരത്തില്‍ 5.30 ശതമാനം ഉയര്‍ന്നു. ഒടുവില്‍ ഓഹരി വില 0.72 ശതമാനം ഉയര്‍ന്ന് 676.95 രൂപയില്‍ അവസാനിച്ചു.

ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ട്രെന്‍ഡില്‍ സ്ഥിരത കൈവരിച്ചു. യൂറോപ്പിലെ ഓഹരി വിപണികള്‍ പച്ചയിലാണ് വ്യാപാരം നടത്തിയത്.

‘ചെറിയ തടസ്സങ്ങള്‍ ഉണ്ടായിരുന്നിട്ടും, ആഗോള വിപണികളിലെ ശുഭാപ്തിവിശ്വാസം സഹായിച്ചതിനാല്‍ വിപണികള്‍ വേഗത്തില്‍ പോസിറ്റീവ് ആയി. എന്നിരുന്നാലും, ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകളില്‍ യുഎസ് താരിഫ് നയങ്ങളുടെ സ്വാധീനത്തെ പറ്റിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, നിക്ഷേപകര്‍ ആഗോള സംഭവവികാസങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും,’ മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് (ഗവേഷണം) പ്രശാന്ത് തപ്സെ പറഞ്ഞു.

വെജിറ്റബിള്‍ ഓയില്‍, പാനീയങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കൂടിയതിനാല്‍ ഫെബ്രുവരിയില്‍ മൊത്തവില പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്ന് 2.38 ശതമാനമായതായി തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഡാറ്റ വ്യക്തമാക്കുന്നു.

വിദേശ സ്ഥാപക നിക്ഷേപകര്‍ (എഫ്ഐഐ) വ്യാഴാഴ്ച 792.90 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഹോളിയായതിനാല്‍ വെള്ളിയാഴ്ച ആഭ്യന്തര ഓഹരി വിപണികള്‍ അടച്ചിരുന്നു.

2025 ല്‍ ഇതുവരെ വിദേശ നിക്ഷേപകരുടെ മൊത്തം പിന്‍വലിക്കല്‍ 1.42 ലക്ഷം കോടി രൂപയില്‍ (യുഎസ് ഡോളര്‍ 16.5 ബില്യണ്‍) എത്തിയതായി ഡെപ്പോസിറ്ററികളുടെ ഡാറ്റ വ്യക്തമാക്കുന്നു.

‘ആരോഗ്യ സംരക്ഷണ, സാമ്പത്തിക മേഖലകളിലെ മികച്ച പ്രകടനമാണ് വിപണിക്ക് മികച്ച വ്യാപാര സെഷന്‍ സമ്മാനിച്ചത്. എന്നിരുന്നാലും, താരിഫ് സംബന്ധമായ അനിശ്ചിതത്വങ്ങള്‍ കാരണം ആഭ്യന്തര നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നത് സമീപഭാവിയില്‍ വിപണിയെ ഒരു പരിധിക്കുള്ളില്‍ നീങ്ങാന്‍ ഇടയാക്കും,’ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ 1.06 ശതമാനം ഉയര്‍ന്ന് ബാരലിന് 71.33 ഡോളറിലെത്തി.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *