April 16, 2025
Home » ഇന്തോ-യുഎസ് വ്യാപാര കരാര്‍; കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു Jobbery Business News

ഇന്തോ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. കരട് ധാരണാപത്രത്തിന്റെ ആദ്യ നിബന്ധനകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാളാണ് കരട് രേഖയില്‍ ഒപ്പുവച്ചത്. കരാര്‍ ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നാണ് കണക്കാക്കുന്നത്.

ഈ മാസം ഇരു രാജ്യങ്ങളും കരാറിനെക്കുറിച്ച് വെര്‍ച്വല്‍ ചര്‍ച്ചകള്‍ ആരംഭിക്കും, അടുത്ത ഘട്ടം നേരിട്ടുള്ള ചര്‍ച്ചയാണ്. ഇത് മെയ് പകുതിയോടെ നടക്കമെന്ന് വാണിജ്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സും ഏപ്രില്‍ 21 ന് ഇന്ത്യയിലെത്തും. നാലു ദിവസം നീളുന്ന സന്ദര്‍ശനത്തിനായാണ് ജെഡി വാന്‍സ് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള ആശങ്കകള്‍ക്കിടെയാണ് ജെഡി വാന്‍സിന്റെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.യുഎസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷം വാന്‍സിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമമാക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഈ സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഔദ്യോഗികമായ കൂടിക്കാഴ്ച്ചകള്‍ ഉണ്ടെങ്കിലും ജെഡി വാന്‍സിന്റെ സന്ദര്‍ശനം സ്വകാര്യ യാത്ര കൂടിയായിരിക്കും. ഇന്ത്യയില്‍ വേരുകളുള്ള ഭാര്യ ഉഷ വാന്‍സും യാത്രയില്‍ ഒപ്പമുണ്ടാകും. അതേസമയം, ഇന്ത്യ-യുഎസ് നയതന്ത്ര സംഭാഷണങ്ങള്‍ക്കായാണ് മൈക്കല്‍ വാള്‍ട്‌സ് എത്തുന്നത്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സാഹചര്യം ഉള്‍പ്പെടെ നിരവധി പ്രധാന വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തും. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *