Now loading...
വരിക്കാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന വ്യക്തിഗത വിവരങ്ങള്‍ സ്വയം തിരുത്താന്‍ അവസരമൊരുക്കി ഇപിഎഫ്ഒ. തെറ്റുതിരുത്തലിനു തൊഴിലുടമ വഴി ഇപിഎഫ്ഒയില്‍ അപേക്ഷിക്കണമെന്ന നിബന്ധനയാണ് ഇതോടെ ഒഴിവാക്കിയത്.
അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇപിഎഫ്ഒ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അംഗങ്ങള്‍ക്ക് പേര്, വിലാസങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഇനിമുതല്‍ സ്വയം തിരുത്താന്‍ കഴിയും. ആധാര്‍ വെരിഫൈഡ് അക്കൗണ്ട് ഉടമകളുടെ അത്തരം മാറ്റങ്ങള്‍ക്ക് ഇനി സ്ഥാപനത്തിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
നേരത്തെ രജിസ്ട്രേഷന് പ്രക്രിയയിലോ അതിനുശേഷമോ പേര്, വൈവാഹിക നില, സേവന വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിലെ സാധാരണ പിശകുകള്‍ പരിഹരിക്കുന്നതിന്, ഒരു ജീവനക്കാരന് അനുബന്ധ രേഖകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി അഭ്യര്‍ത്ഥന നടത്തേണ്ടതുണ്ട്. അപേക്ഷ തൊഴിലുടമ പരിശോധിച്ചുറപ്പിക്കുകയും തുടര്‍ന്ന് അംഗീകാരത്തിനായി ഇപിഎഫ്ഒയ്ക്ക് അയയ്ക്കുകയുമായിരുന്നു പതിവ്.
സങ്കീര്‍ണമായ ഈ നടപടിക്രമമാണ് ഇപിഎഫ്ഒ ലളിതമാക്കിയത്. 2017 ഒക്ടോബര്‍ 1 ന് മുമ്പ് യുഎഎന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ഇപിഎഫ്ഒയുടെ അനുമതിയില്ലാതെ തൊഴിലുടമയ്ക്ക് തിരുത്തലുകള്‍ വരുത്താവുന്നതാണ്. അത്തരം കേസുകള്‍ക്ക് അനുബന്ധ രേഖയുടെ ആവശ്യകതയും ലളിതമാക്കിയിട്ടുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു.
ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക്, തൊഴിലുടമ മാറുമ്പോള്‍ അക്കൗണ്ട് പുതിയ കമ്പനിയിലേക്കു മാറ്റാന്‍ നേരിട്ട് അപേക്ഷിക്കാമെന്നും, ഇതിന് പഴയ തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്‍ വരുത്തിയതായും മന്ത്രി അറിയിച്ചു.
Jobbery.in
Now loading...