April 4, 2025
Home » ഏപ്രിൽ 1 മുതൽ എല്ലാം പഴയതുപോലെയല്ല; സാമ്പത്തിക രം​ഗത്ത് മാറ്റങ്ങൾ വരുന്നു, അറിയാം വിശദമായി Jobbery Business News New

ഏപ്രില്‍ ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. യുപിഐ മുതല്‍ ആദായ നികുതി നിയമങ്ങളില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. എന്തെല്ലാമാണ് ഈ മാറ്റങ്ങൾ? എങ്ങനെയാണ് ഇത് ജനങ്ങളിൽ  പ്രതിഫലിക്കുന്നത്? വിശദമായി പരിശോധിക്കാം.

1. ആദായ നികുതിയിലെ മാറ്റങ്ങള്‍ 

ആദായ നികുതിയിലെ സെക്ഷന്‍ 87എ പ്രകാരം 25,000 ത്തില്‍ നിന്നും 60,000 ആയി നികുതി ഇളവ് വര്‍ധിക്കും. 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ ഇനി മുതല്‍ നികുതി നല്‍കേണ്ടി വരില്ല.

പുതിയ നികുതി സ്ലാബുകൾ (FY 2025-26 )

0-4 ലക്ഷം രൂപ : ബാധകമല്ല

4-8 ലക്ഷം രൂപ : 5%

8,00,001-12,00,000 : 10%

12,00,001 – 16,00,000 രൂപ : 15%

16,00,001 – 20,00,000 രൂപ : 20%

20,00,001 – 24,00,000 രൂപ : 25%

24,00,000 രൂപയ്ക്ക് മുകളിൽ : 30% 

 2. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ചെലവേറും

എടിഎം ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകി. മേയ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ബാങ്ക് എടിഎമ്മിലൂടെയുള്ള പ്രതിമാസ സൗജന്യ പണമിടപാട് കഴിഞ്ഞുള്ള ഇടപാടുകൾക്ക് ഇനി 23 രൂപ രൂപയും ജിഎസ്ടിയും നൽകണം. നിലവിലിത് 21 രൂപയാണ്. 2 രൂപയാണ് വർധന. എടിഎം ഇന്റർചേഞ്ച് സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയും വർധിക്കും. പണം പിൻവലിക്കൽ ഫീസ് ഒരു ഇടപാടിന് 17 രൂപയിൽ നിന്ന് 19 രൂപയായും ബാലൻസ് ചെക്ക് ഫീസ് ഒരു ഇടപാടിന് 6 രൂപയിൽ നിന്ന് 7 രൂപയായും ഉയരും.

3. യുപിഐ

ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തന രഹിതമായ നമ്പറുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കാത്ത ഫോൺ നമ്പറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഗിൾ പേ, ഫോൺ പേ, പേടിഎം മറ്റ് യുപിഐ ആപ്പുകൾ തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് നീക്കം. സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം

4. കാറുകളുടെ വില വര്‍ധിക്കും

ഏപ്രിൽ മുതൽ രാജ്യത്ത് കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങുകയാണ് വാഹന കമ്പനികൾ. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ്,കിയ, ബിഎംഡബ്ല്യു എന്നി കമ്പനികളാണ് വില വർധിപ്പിക്കുന്നത്. എല്ലാ മോഡലുകൾക്കും നാല്​ ശതമാനം വരെയാണ്​ മാരുതി സുസുക്കി വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്​. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല.

5. മോട്ടോര്‍ വാഹന നികുതി പുതുക്കി

 ഇലക്ട്രിക് വാഹനങ്ങള്‍ക്കും 15 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വര്‍ധനയുള്ളത്. 15 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവര്‍ഷത്തേക്കുള്ള നികുതി 400 രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 750 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.  15 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക്‌ അഞ്ചു ശതമാനമാക്കിയും 15 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷം മുതലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *