Now loading...
തിരുവനന്തപുരം: കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ സേനകളിലായി ആകെ 357 ഒഴിവുകൾ ഉണ്ട്. ബി.എസ്.എഫ് 24, സി.ആർ.പി.എഫ് 204, സി.ഐ.എസ്.എഫ് 92, ഐ.ടി.ബി.പി 04, എസ്.എസ്.ബി 33 എന്നിങ്ങനെയാണ് ഒഴിവുകൾ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും 2025ൽ അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിനുള്ള യു.പി.എസ്.സി പരീക്ഷ ഓഗസ്റ്റ് 3ന് നടക്കും. മാർച്ച് 25ന് വൈകീട്ട് 6വരെ https://upsconline.gov.in വഴി അപേക്ഷ നൽകാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ മാർച്ച് 26 മുതൽ ഏപ്രിൽ ഒന്നുവരെ സമയം നൽകും.
അപേക്ഷകർക്ക് ഓഗസ്റ്റ് ഒന്നിന് 20 വയസ് തികഞ്ഞിരിക്കണം. ഇതേ തീയതിയിൽ 25 വയസ് കവിയാനും പാടില്ല. 2000 ഓഗസ്റ്റ് 2നു മുൻപോ 2005 ആഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ചവരാകരുത്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും കേന്ദ്രസർക്കാർ ജീവനക്കാർ, വിമുക്തഭടന്മാർ അടക്കമുള്ള വിഭാഗങ്ങൾക്ക് ഇളവുണ്ട്. 200 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും ഫീസില്ല.
Now loading...