January 11, 2025
Home » കേരളവുമായി സഹകരിക്കാന്‍ സിഎംഎഫ്ആര്‍ഐ Jobbery Business News

തീരദേശ അടിസ്ഥാനസൗകര്യമുള്‍പ്പെടെയുള്ള സമുദ്രമേഖലയിലെ വികസനപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖല വികസന കോര്‍പ്പറേഷനുമായി (കെ.എസ്.സി.എ.ഡി.സി.) ഇത് സംബന്ധിച്ച് ധാരണയായി. കെ.എസ്.സി.എ.ഡി.സി. സമുദ്രമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് സിഎംഎഫ്ആര്‍ഐ സാങ്കേതിക പിന്തുണ നല്‍കും.

സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജും കെ.എസ്.സി.എ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷെയ്ഖ് പരീതും ധാരണാപത്രം ഒപ്പുവെച്ചു. ഹാച്ചറികള്‍, സമുദ്ര അക്വേറിയങ്ങള്‍, മറൈന്‍ പാര്‍ക്കുകള്‍, കടലിലെ മത്സ്യകൃഷി കൂടുകള്‍, കൃത്രിമ പാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകല്‍പന, നിര്‍മാണം എന്നിവയില്‍ സംയുക്ത സഹകരണമാണ് ലക്ഷ്യമിടുന്നത്.

മത്സ്യബന്ധനരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സമുദ്രസമ്പത്തിന്റെ ഫലപ്രദമായ വിനിയോഗം, സമുദ്ര ജൈവവൈവിധ്യ സംരക്ഷണം, സമുദ്ര ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും പുനഃസ്ഥാപനവും പ്രോത്സാഹിപ്പിക്കല്‍, കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തല്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് സഹകരണം. മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ സമുദ്രപരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെയും ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കിയും രൂപകല്‍പന ചെയ്യാന്‍ സിഎംഎഫ്ആര്‍ഐയുടെ ശാസ്ത്രീയ അറിവുകള്‍ നിര്‍ണായകമാകുമെന്ന് ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.

തീരദേശവാസികള്‍ക്ക് സുസ്ഥിരവരുമാന അവസരങ്ങള്‍ സൃഷ്ടിക്കുന്ന ജലകൃഷിരീതികളും സാധ്യമായ മറ്റ് പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാനും സഹകരണം പ്രയോജനപ്പെടും. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *