Now loading...
ചെലവഴിക്കാന്‍ മതിയായ വരുമാനം ഇല്ലാത്ത 100 കോടി ജനങ്ങള്‍ ഇവിടെയുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ നൂറൂകോടി ഇന്ത്യാക്കാര്‍ക്ക് ഇഷ്ടാനുസൃതമായ വസ്തുക്കള്‍ക്കായി ചെലവഴിക്കാന്‍ അധിക പണമില്ലെന്ന് വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്സിന്റെ പഠനം പറയുന്നു. അതായത്, രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 90 ശതമാനം പേര്‍ക്കും അത്യാവശ്യമല്ലാത്ത വസ്തുക്കള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല.
ഏകദേശം 130-140 ദശലക്ഷം ആളുകള്‍ മാത്രമാണ് ഇന്ത്യയിലെ ‘ഉപഭോക്തൃ ക്ലാസ്’ എന്ന് പഠനം കണക്കാക്കുന്നു. ഈ വ്യക്തികള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം മറ്റ് വരുമാനമുണ്ടെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
മറ്റൊരു 300 ദശലക്ഷംആളുകളെ ‘ഉയര്‍ന്നുവരുന്ന’ ഉപഭോക്താക്കളായി തരംതിരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പേയ്മെന്റുകളിലൂടെ ഈ ഗ്രൂപ്പ് കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അവര്‍ ജാഗ്രതയോടെ വാങ്ങുന്നവരാണ്.
ഇന്ത്യയില്‍ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിശാലമായ ഒരു വികസനം രാജ്യത്ത് സാധ്യമാകുന്നില്ല.
കമ്പനികള്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രീമിയംവല്ക്കരണത്തിലാണ്. ആഡംബര ഭവനങ്ങളുടെയും പ്രീമിയം സ്മാര്‍ട്ട്ഫോണുകളുടെയും കുതിച്ചുയരുന്ന വില്പന ഈ പ്രവണത എടുത്തുകാട്ടുന്നു. ബജറ്റ്-സൗഹൃദ ഓപ്ഷനുകള്‍ ഇവിടെ ബുദ്ധിമുട്ട് നേരിടുന്നു. ഇവിടെ സമ്പന്നര്‍ അഭിവൃദ്ധി പ്രാപിക്കുന്നു, അതേസമയം ദരിദ്രരുടെ വാങ്ങല്‍ ശേഷി കുറയുന്നു.
റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച കണക്കുകള്‍ പ്രകാരം, ഇപ്പോള്‍ ദേശീയ വരുമാനത്തിന്റെ 57.7 ശതമാനം കൈവശം വച്ചിരിക്കുന്നത് 10 ശതമാനം ഇന്ത്യക്കാരാണ്. 1990-ല്‍ ഇത് 34 ശതമാനമായിരുന്നു. ഏറ്റവും താഴേക്കിടയിലുള്ളവരുടെ വരുമാനം കുറയുകയും ചെയ്തിട്ടുണ്ട്.
Jobbery.in
Now loading...