വീണിടത്ത് നിന്ന് വീണ്ടും താഴേക്കു വീണ് വിപണി. വിദേശനിക്ഷേപകരുടെ പിൻമാറ്റവും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത രണ്ടാംപാദ ഫലങ്ങളും വിപണികളിലെ ഇടിവിന്റെ ശക്തി കൂട്ടി. ഇന്ന് സെൻസെക്സ് 984 പോയിന്റും നിഫ്റ്റി 324 പോയിന്റും ഇടിഞ്ഞു. തുടർച്ചയായ അഞ്ചാം ദിനമാണ് വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
ബാങ്കിങ്, ഊർജം, ഓട്ടോ ഓഹരികളിലാണ് കടുത്ത വിൽപന സമ്മർദം നേരിട്ടത്. ഇന്നലത്തെ ഇടിവിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ കുറവ് 5 ലക്ഷം കോടി രൂപയിലധികമാണ്.
പ്രാധാനമായും, ഡോളറിന്റെ മൂല്യത്തിലുണ്ടായ വർധന, രൂപയുടെ വീഴ്ച, വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള പിന്മാറ്റം, ആഗോള തലത്തിൽ പലിശ നിരക്കിൽ മാറ്റം വന്നിട്ടും ഇന്ത്യയിൽ നിരക്ക് കുറക്കാതെ തുടരുന്ന ആർബിഐ നയം എന്നിവയാണ് വിപണി വീഴ്ചക്ക് കാരണമായ 4 കാരണങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഐടി, ഫാർമ കമ്പനികളുടെ ഓഹരികളിൽ നേട്ടമുണ്ടായി. ഡോളർ ശക്തിപ്പെട്ടതും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിൻമാറ്റത്തിനു കാരണമാകുന്നുണ്ട്. ഡോളറിനെതിരെ 84.39 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തിയതും വിപണിയിലെ ഇടിവിന് കാരണമായി. ഡൊണാൾഡ് ട്രംപിന്റെ വിജയമാണ് ഡോളർ കുതിച്ചു കയറാൻ കാരണമായത്.