February 15, 2025
Home » സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്തതേയുള്ളു, ഡിസ്‌പ്ലേയില്‍ വര; പരാതി നല്‍കി എറണാകുളം സ്വദേശി, വണ്‍പ്ലസിന് പണി കിട്ടി
സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്തതേയുള്ളു, ഡിസ്‌പ്ലേയില്‍ വര; പരാതി നല്‍കി എറണാകുളം സ്വദേശി, വണ്‍പ്ലസിന് പണി കിട്ടി

കൊച്ചി: സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് പിന്നാലെ ഫോണ്‍ ഡിസ്‌പ്ലേയില്‍ വരകള്‍ വീണ സംഭവത്തില്‍ ഉപഭോക്തവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. അപ്‌ഡേഷന് തൊട്ടുപിന്നാലെ ഡിസ്‌പ്ലേയില്‍ പച്ച വര വീണുവെന്നും, ഡിസ്‌പ്ലേ അവ്യക്തമായി തീര്‍ന്നെന്നുമായിരുന്നു പരാതി. എറണാകുളം സ്വദേശിയാണ് വണ്‍പ്ലസ് ഫോണിന് എതിരെ പരാതിയുമായി രംഗത്തെത്തിയത്.

2021 ഡിസംബറിലാണ് പരാതിക്കാരന്‍ 43,999 രൂപയുടെ വണ്‍പ്ലസ് ഫോണ്‍ വാങ്ങുന്നത്. ഈ പ്രശ്‌നമുണ്ടായതിന് പിന്നാലെ കംപ്ലയിന്റുമായി ബന്ധപ്പെട്ട് പലതവണ ഇദ്ദേഹം സര്‍വീസ് സെന്ററിനെ സമീപിച്ചിരുന്നു. എന്നാല്‍ പ്രയോജനമുണ്ടായില്ല. ഇതിനിടയില്‍ ഫോണിന്റെ പ്രവര്‍ത്തനം കൂടുതല്‍ മോശമാകുന്ന ഘട്ടത്തിലേക്ക് കടന്നു. ഇതിനു പിന്നാലെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ഡിബി ബിദ്യ, വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പരാതിക്കാരന്റെ ഹര്‍ജി പരിഗണിച്ചത്. മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഫോണിന്റെ വിലയായ 43,999 രൂപ തിരികെ നല്‍കാനും, നഷ്ടപരിഹാരമായി 35,000 രൂപ നല്‍കാനും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

വണ്‍പ്ലസ് 45 ദിവസത്തിനകം തുക നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *